ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2022 ലെ ലോകകപ്പ് മാമാങ്കത്തിന് ഖത്തര്‍ ഒരുങ്ങുകയാണ്.എന്നാല്‍ ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന് 48 ടീമിനെ ഉള്‍ക്കൊള്ളിക്കുന്നതിനുള്ള നടപടിയില്‍ നിന്ന് ഫിഫ പിന്‍മാറിയിരിക്കുന്നു.വരുന്ന ലോകകപ്പില്‍ 32 ടീമുകള്‍ തന്നെയാണ് പങ്കെടുക്കുകയെന്ന് ഫിഫ അറിയിച്ചു.ഖത്തറിലെ ലോകകപ്പിന് വേണ്ട ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഈ സമയം 48 രാജ്യങ്ങളെ പങ്കെടുപ്പിക്കേണ്ടി വരുമ്പോള്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍ ഏതൊക്കയെന്ന് തിട്ടപ്പെടുത്തുന്നതില്‍ സമയം ആവശ്യമാണ്. ജൂണിന് മുന്‍പ് ഇക്കാര്യത്തില്‍ വ്യക്തത വരില്ല. അതിനാലാണ് ഈ തീരുമാനവുമായി മുന്നോട്ട് പോവേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ഫിഫ അറിയിച്ചു.അതിനിടെ കുവൈത്ത് അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ കൂടിക്കാഴ്ച നടത്തിയിരുന്നു. സൗകര്യങ്ങളുടെ അഭാവം മൂലം ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ കഴിയില്ലെന്ന് ഒമാന്‍ നേരത്തെ അറിയിച്ചിരുന്നു.48 ടീമുകളെ ഉള്‍ക്കൊള്ളിക്കണമെങ്കില്‍ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങളില്‍ അയവുവരുത്തേണ്ടതുണ്ട് എന്നതായിരുന്നു ഫിഫയുടെ ഏറ്റവും വലിയ വെല്ലുവിളി

2026ല്‍ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകള്‍ ഉണ്ടാകുമെന്ന് ഫിഫ നേരത്തെ അറിയിച്ചിരുന്നു. ഫിഫയുടെ സാധ്യതാ പഠന കമ്മിറ്റിയായിരുന്നു 48 ടീമുകളെ ഉള്‍പ്പെടുത്താമെന്ന നിര്‍ദ്ദേശം മാര്‍ച്ചില്‍ മുന്നോട്ട് വച്ചത്. സൗദി അറേബ്യ, ബഹ്റയ്ന്‍ എന്നീ രാജ്യങ്ങളുമായി ഖത്തറിനുള്ള സാമ്പത്തിക യാത്രാ ഉപരോധങ്ങള്‍ തീരാത്ത പക്ഷം ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് ഫിഫ വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here