കഴിഞ്ഞ ദിവസമാണ് സിന്ധു ലോക ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയത്. ജപ്പാൻ്റെ നൊസോമി ഒകുഹാരയെ രണ്ട് സെറ്റുകൾക്ക് തകർത്ത് സിന്ധു സ്വർണ്ണം കരസ്ഥമാക്കിയത് രാജ്യമൊട്ടാകെ ആഘോഷിച്ചിരുന്നു. പ്രധാനമന്ത്രി മുതല്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ സിന്ധുവിനെ പ്രശംസ കൊണ്ട് മൂടി. എന്നാല്‍, സിന്ധു ഒറ്റ രാത്രികൊണ്ട് ചാമ്പ്യനായതല്ല. അതിനായി അവർ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അത് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്.മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്രയാണ് സിന്ധുവിൻ്റെ കഠിനപരിശീലനത്തിൻ്റെ വീഡിയോ പങ്കുവെച്ചത്. ‘ഈ വീഡിയോ കണ്ട് തന്നെ ഞാന്‍ ക്ഷീണിച്ചു പോയി. ഇത് കണ്ടാല്‍ മനസിലാവും, സിന്ധു ലോകചാമ്പ്യനായതിന് പിന്നില്‍ ഒരു നിഗൂഢതയും ഇല്ല. വളര്‍ന്നു വരുന്ന ഇന്ത്യന്‍ കായിക തലമുറയെല്ലാം സിന്ധുവിനെ പിന്തുടരും, ഉയരത്തിലേക്ക് എത്തുന്നതിന് വേണ്ട സമര്‍പ്പണത്തില്‍ നിന്ന് പിന്നോട്ട് പോവില്ല’- ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

21-7, 21-7 എന്ന സ്കോറിനാണ് സിന്ധു വിജയകിരീടം ചൂടിയത്. ഇതോടെ ലോക ബാഡ്മിന്റൺ കിരീട നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും സിന്ധു സ്വന്തമാക്കി. കഴിഞ്ഞ രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിലും സിന്ധു ഫൈനലിൽ പരാജയപ്പെട്ടിരുന്നു. രണ്ട് വർഷം മുമ്പ് നടന്ന ഫൈനലിൽ തന്നെ വീഴ്ത്തിയ ഒകുഹാരയോടുള്ള പകരം വീട്ടൽ കൂടിയായി ഇത്തവണത്തെ മിന്നുന്ന ജയം.

LEAVE A REPLY

Please enter your comment!
Please enter your name here