വിജയ് ഹസാരെ ട്രോഫിയിൽ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് അനായാസ ജയം. 65 റൺസിനാണ് കേരളം ഛത്തീസ്ഗഡിനെ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു. ഛത്തീസ്ഗഡ് 46 ഓവറിൽ 231 റൺസിന് എല്ലാവരും പുറത്തായി. സെഞ്ചുറിയടിച്ച ഓപ്പണർ വിഷ്ണു വിനോദാണ് കേരളത്തിന് ജയം ഒരുക്കിയത്. ഛത്തീസ്ഗഡിൻ്റെ മുഴുവൻ വിക്കറ്റുകളും വീഴ്ത്തിയ പേസ് ബൗളർമാരും കേരളത്തിൻ്റെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു.

ടി-20 ശൈലിയിൽ ബാറ്റ് വീശിയ വിഷ്ണു വിനോദാണ് കേരള സ്കോർ ഉയർത്തിയത്. 31 പന്തുകളിൽ വിഷ്ണു അർധസെഞ്ചുറി തികച്ചു. ഇതിനിടെ 16 റൺസെടുത്ത സഞ്ജു 10ആം ഓവറിൽ പുറത്തായി.

ശേഷം സച്ചിൻ ബേബി, വിഷ്ണു വിനോദിനൊപ്പം ചേർന്നു. ആക്രമണാത്മക ബാറ്റിംഗ് ശൈലി തുടർന്ന വിഷ്ണു 71 പന്തുകളിൽ ടൂർണമെൻ്റിലെ രണ്ടാം സെഞ്ചുറി തികച്ചു. 93 റൺസ് നീണ്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് സച്ചിൻ ബേബിയുടെ പുറത്താകലോടെയാണ് തകർന്നത്. 34 റൺസെടുത്ത സച്ചിൻ ബേബി 25ആം ഓവറിലാണ് പുറത്തായത്. പൊന്നം രാഹുൽ (1) വേഗം പുറത്തായി. ഏറെ വൈകാതെ 33ആം ഓവറിൽ വിഷ്ണു വിനോദും പുറത്തായി. 91 പന്തുകളിൽ അഞ്ച് ബൗണ്ടറികളും 11 സിക്സറുകളും സഹിതം 123 റൺസെടുത്ത ശേഷമാണ് വിഷ്ണു വിനോദ് പുറത്തായത്.

ശേഷം ആറാം വിക്കറ്റിൽ മുഹമ്മദ് അസ്‌ഹറുദ്ദീനും ജലജ് സക്സേനയും ചേർന്ന കൂട്ടുകെട്ട് 80 റൺസ് സ്കോർബോർഡിലേക്ക് ചേർത്തു. 53 പന്തുകളിൽ 56 റൺസെടുത്ത അസ്‌ഹറുദ്ദീനും 34 റൺസെടുത്ത സക്സേനയും 48ആം ഓവറിൽ പുറത്തായി. 9 പന്തുകളിൽ 18 റൺസെടുത്ത് പുറത്താവാതെ നിന്ന അക്ഷയ് ചന്ദ്രൻ ആണ് കേരള ടീം ടോട്ടൽ 300നരികെ എത്തിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here